ആലുവ: ഇസ്ലാമിക ആദര്‍ശത്തെയും ആശയത്തെയും വികലമാക്കാനുളള ശ്രമങ്ങള്‍ വ്യത്യസ്തകോണുകളില്‍ വളരെ ആസൂത്രിതമായി നടക്കുന്ന വര്‍ത്തമാനകാലത്ത് വിജ്ഞാനത്തിന്റെയും ദര്‍ശനത്തിന്റെയും ശക്തിയും ആയുധവും സംഭരിച്ച് ഇസ്ലാമിനെ പ്രതിനിധാനം ചെയ്യലാണ് ഇസ്ലാമിന് വേണ്ടി ചെയ്യാവുന്ന ഏറ്റവും വലിയ സേവനം എന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാനസെക്രട്ടറി ശൈഖ് മുഹമ്മദ് കാരക്കുന്ന് പ്രസ്താവിച്ചു.
അസ്ഹറുല്‍ ഉലൂം കോളേജ് ഫൈനല്‍ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി സംഘടിപ്പിച്ച ‘ഫിനിഷിങ് സ്‌കൂള്‍’ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യവന-ഗ്രീക്ക് തത്വചിന്തകളും പടിഞ്ഞാറന്‍ നാഗരികതയും തീര്‍ത്ത വൈജ്ഞാനിക വെല്ലുവിളികളെ നേരിട്ടു കൊണ്ടാണ് ഇസ്ലാമികനാഗരികത വളര്‍ന്നതും വികസിച്ചതും. ലൈംഗിക അരാജകത്വവും അശ്ലീലതയും ആദര്‍ശവല്കരിച്ച് പുതുതലമുറയെ ധാര്‍മികച്യുതിയിലേക്ക് നയിക്കുന്ന പുതിയ സാഹചര്യം ആശങ്കാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോളേജ് പ്രിന്‍സിപ്പല്‍ ഷക്കീര്‍ മുഹമ്മദ് നദ്വി അധ്യക്ഷത വഹിച്ചു. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ എം.കെ അബൂബക്കര്‍ ഫാറൂഖി ആശംസയര്‍പ്പിച്ചു. പ്രോഗ്രാം കണ്‍വീനര്‍ പി.എസ്.എം. യാസിര്‍ സ്വാഗതവും ത്വാഹിര്‍ മുഹമ്മദ് കൃതജ്ഞതയും നിര്‍വഹിച്ചു.