ആലുവ: ഡോ.മുഹ് യിദ്ദീന്‍ ആലുവായുടെ സംഭാവനകള്‍’ എന്ന തലക്കെട്ടില്‍ ആലുവ അസ്ഹറുല്‍ ഉലൂം കോളേജിലെ അറബിക് ഡിപാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച വൈജ്ഞാനിക സെമിനാര്‍ രണ്ടുസെഷനുകളിലായി കാമ്പസ് ഹാളില്‍ നടന്നു. ചിന്തകന്‍, വിദ്യാഭ്യാസ വിചക്ഷണന്‍, ഗ്രന്ഥകാരന്‍, പത്ര പ്രവര്‍ത്തകന്‍, വിവര്‍ത്തകന്‍ എന്നീ നിലകളില്‍ നാലു പതിറ്റാണ്ട് അറബ് ലോകത്ത് ജീവിച്ച് ഭാഷക്കും സാഹിത്യത്തിനും നിസ്തുല സംഭാവനകള്‍ നല്‍കിയ വിശ്വ പണ്ഡിതന്‍ ഡോ.മുഹിയിദ്ദീന്‍ ആലുവായിയെ കുറിച്ച വൈജ്ഞാനിക സെമിനാര്‍ ഫെബ്രുവരി പതിനെട്ടാംതീയതി വ്യാഴാഴ്ച രാവിലെ പത്ത് മണിക്ക് ഉദ്ഘാടന സെഷനോടെ ആരംഭിച്ചു. കോളേജ് ട്രസ്റ്റ് ചെയര്‍മാന്‍ എം.എ. മൂസാ ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പാള്‍ ജമാല്‍ പാനായിക്കുളം സ്വാഗതമാശംസിച്ചു. അക്കാദമിക് കൗണ്‍സില്‍ ചെയര്‍മാന്‍ അബൂബക്കര്‍ ഫാറൂഖി ആമുഖഭാഷണം നടത്തി. ഒരു ഭാഷയുടെ പശ്ചാത്തലമായി വരുന്ന സംസ്‌കാരവും നാഗരികതയും പകര്‍ന്നുകൊടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഡോ. ആലുവായ് സാഹിത്യരചനകള്‍ നടത്തിയതെന്ന് മുഖ്യഭാഷണം നടത്തിയ കോളേജ് റെക്ടര്‍ ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് അഭിപ്രായപ്പെട്ടു.
ഡോ. കുഞ്ഞുമുഹമ്മദ് പുലവത്ത് രചിച്ച ‘ഡോ. മുഹ്‌യിദ്ദീന്‍ ആലുവായിയുടെ സാഹിത്യസംഭാവനകള്‍’ എന്ന പുസ്തകത്തെ ആസ്പദമാക്കിയുള്ള വൈജ്ഞാനികചര്‍ച്ചയായിരുന്നു രണ്ടാംസെഷന്‍. ഡോ. ആലുവായിയുടെ വൈജ്ഞാനികസംഭാവനകളിലെ ഭാഷ, സാഹിത്യം എന്നിവ കൂടുതല്‍ ആഴത്തില്‍ ചര്‍ച്ചചെയ്യപ്പെടുകയും പ്രചരിപ്പിക്കപ്പെടുകയും ചെയ്യേണ്ടതോടൊപ്പം ഇന്തോ- അറബ് ബന്ധങ്ങളെ ശാക്തീകരിക്കാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങളെ മുഖ്യധാരയെ പരിചയപ്പെടുത്തേണ്ടതുണ്ടെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. ഡോ.ജമാലുദ്ദീന്‍ ഫാറൂഖി ( മുന്‍ പ്രിന്‍സിപ്പാള്‍ ഡബ്‌ളിയു.എം.ഒ.കോളേജ് മുട്ടില്‍, വയനാട്) ഡോ. അബ്ദുല്‍ ഗഫൂര്‍ ഹുദവി ( അസിസ്റ്റന്റ് പ്രൊഫസര്‍, യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം) ഇല്‍യാസ് മൗലവി ( പ്രൊ. ശരീഅത്ത് വകുപ്പ്, അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ശാന്തപുരം) ഉമര്‍ അഹ്മദ് നദ് വി, (അസ്ഹറുല്‍ ഉലൂം കോളേജ്) അബ്ദുല്‍ റഹ്മാന്‍ അസ്ഹരി എന്നിവര്‍ സംസാരിച്ചു. അസ്ഹറുല്‍ ഉലൂം കോളേജ് പ്രിന്‍സിപ്പാള്‍ ഷക്കീര്‍ മുഹമ്മദ് നദ്‌വി ആധ്യക്ഷ്യം വഹിച്ച ചടങ്ങില്‍ അബ്ദുല്‍ ഹഫീസ് നദ്‌വി മോഡറേറ്ററായിരുന്നു.